പത്തനംതിട്ട: പന്ത്രണ്ടുവയസുകാരിയെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയ യുവാവിന് 31.5 വർഷം കഠിനതടവും 1,43,000 രൂപ പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ പോക്സോ കോടതി. കവിയൂർ പുന്നിലം വലിയപറമ്പിൽ രഞ്ജിത്ത് വി. രാജനെ(38)യാണ് കോടതി ശിക്ഷിച്ചത്.
2024 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ അച്ഛനുമായി രഞ്ജിതിനുള്ള പരിചയം മൂലം ഇയാളുടെ വീട്ടിലെത്തിയ കുട്ടിയെ നിർബന്ധിച്ചു വീട്ടിൽ വിളിച്ചു കയറ്റി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് പല ദിവസങ്ങളിലും ഇയാളുടെ വീട്ടിലും പെൺകുട്ടിയുടെ വീട്ടിലും ലൈംഗിക അതിക്രമത്തിന് ഇരയാക്കി.
കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷനു വേണ്ടി 17 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകൾ ഹാജരാക്കുകയും ചെയ്തു. പത്തനംതിട്ട വനിതാ പൊലിസ് സ്റ്റേഷൻ എസ്ഐ കെ.ആർ. ഷെമിമോൾ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ തിരുവല്ല പൊലിസ് അന്വേഷണം നടത്തി, തിരുവല്ല ഇൻസ്പെക്ടറായിരുന്ന ബി.കെ. സുനിൽ കൃഷ്ണൻ കുറ്റപത്രം സമർപ്പിച്ച കേസിലാണ് പത്തനംതിട്ട അതിവേഗ കോടതി ജഡ്ജി ടി. മഞ്ജിത്ത് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. എഎസ്ഐ ഹസീന പ്രോസിക്യൂഷൻ നടപടികളിൽ സഹായിയായി.